Friday, 22 May 2015

മഴക്കാലത്ത് കുരലടപ്പന്‍ ഭീഷണി

 പാസ്ചുറില്ല' എന്ന ബാക്ടീരിയയാണ് കുരലടപ്പനു കാരണം. പശുക്കളിലും എരുമകളിലും മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. സാധാരണഗതിയില്‍ നിരുപദ്രവകാരികളായി കഴിയുന്ന ഇവര്‍ പശുക്കള്‍ക്ക് സമ്മര്‍ദമുണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. പോഷകാഹാരക്കുറവ്, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും, ദീര്‍ഘയാത്ര, മറ്റു രോഗങ്ങള്‍ എന്നിവ ഇത്തരം സമ്മര്‍ദാവസ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്. 
ആരോഗ്യവും, ശാരീരികശേഷിയും കുറഞ്ഞ പശുക്കളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുക.


അണുബാധയുള്ള തീറ്റ, വെള്ളം, വായു എന്നിവ വഴിയാണു രോഗം പകരുന്നത്. അടുത്തടുത്തു വസിക്കുന്ന മൃഗങ്ങളിലേക്ക് ചുമ, തുമ്മല്‍ മുതലായവ വഴി പെട്ടെന്ന് പകരുന്നു. നനവും ഊഷ്മാവും കൂടുത ലായുള്ള സാഹചര്യത്തില്‍ ഇവ പെട്ടെന്നു പെരുകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2-5 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തരത്തിലോ ഈ രോഗം കാണപ്പെടാം. രോഗബാധയുടെ തീവ്രതയനുസരിച്ചായിരിക്കും ലക്ഷണങ്ങള്‍.

പനി, ശ്വാസോച്ഛാസ ത്തിന്റെ നിരക്കിലും നെഞ്ചിടി പ്പിലുമുള്ള വര്‍ധന, തീറ്റയെടുക്കാതിരിക്കല്‍, മൂക്കിലും വായിലുംനിന്നുള്ള നീരൊലിപ്പ്, പാലുത്പാദനത്തിലെ കുറവ്, ശ്ലേഷ്മസ്തരങ്ങളിലെ നീലനിറം, വയറു വേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം, രക്താതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. തൊണ്ട, നെഞ്ചിന്റെ അടിഭാഗം, താട എന്നിവിടങ്ങളില്‍ നീര്‍വീക്കം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പശു ചത്തുവീഴും. വായില്‍നിന്ന് ഉമിനീരൊലിക്കല്‍, ശ്വാസതടസം, മൂക്കില്‍നിന്നു രക്തം കലര്‍ന്ന സ്രവം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞും രക്ത പരിശോധനയിലൂടെയുമാണ് രോഗനിര്‍ണയം. രോഗാരംഭത്തില്‍ത്തന്നെ ആന്റിബയോട്ടിക്കുകളും അനുബന്ധ ചികിത്സകളും നല്‍കുകയാണ് അഭികാമ്യം. പലപ്പോഴും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പെട്ടെന്നുതന്നെ ചാകുന്നത് കര്‍ഷകരെ വിഷമത്തിലാക്കുന്നു.

അസുഖമുള്ളവയെ മാറ്റി പാര്‍പ്പിക്കുക, രോഗലക്ഷണമുള്ളവയെ ചികിത്സിക്കുക, കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ് നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ആറുമാസം പ്രായമാകുമ്പോള്‍ ആദ്യത്തെ കുത്തിവയ്പ് നല്‍കണം. രോഗമുണ്ടാകാറുള്ള സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ആവര്‍ത്തന കുത്തിവയ്പ് നല്‍കണം.

മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതുകൊണ്ട് പ്രതിരോധ കുത്തിവയ്പ് മഴക്കാലത്തിനു മുമ്പായാണ് എടുക്കേണ്ടത്. രോഗം ബാധിച്ച മൃഗങ്ങളുടെ ചാണകം, ഉമിനീര്‍, തീറ്റ എന്നിവയുമായി മറ്റുള്ള മൃഗങ്ങള്‍ക്കു ബന്ധമുണ്ടാവാതെ സൂക്ഷിക്കണം. ചത്ത മൃഗങ്ങളെ ശരിയായ വിധം മറവു ചെയ്യണം.

പ്രതികൂല കാലാവസ്ഥയും, സമ്മര്‍ദാവസ്ഥയും തരണം ചെയ്യാന്‍ സഹായിക്കും വിധമുള്ള പരിപാലനം  ഉറപ്പാക്കണം. പോഷകാഹാരം ഉറപ്പാക്കുക, നനവുള്ള അന്തരീക്ഷം ഒഴിവാക്കുക, പശുക്കളെ കൂട്ടമായി പാര്‍പ്പിക്കാതിരിക്കുക.


ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍,
വെറ്ററിനറി കോളജ്, മണ്ണുത്തി
ഫോണ്‍: 9446203839

No comments:

Post a Comment