Sunday, 3 May 2015

സ്ഥലമില്ലെങ്കിലെന്താ... മട്ടുപ്പാവില്‍ വിളയുന്നത് ദിവ്യഔഷധം


എരുമേലി: കൃഷി ചെയ്യാന്‍ ഒരുതുണ്ട് ഭൂമി പോലുമില്ലെന്ന സങ്കടത്തില്‍ എരുമേലി ടിബി റോഡില്‍ താഴത്തേക്കുറ്റ് ദിലീപ് കുമാറിന്റെ വീടിന്റെ ടെറസില്‍ നിറഞ്ഞത് വിവിധയിനം പച്ചക്കറികള്‍ മാത്രമല്ല മികച്ച വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഔഷധ സസ്യമായ കറ്റാര്‍വാഴകൃഷിയും. പാരമ്പര്യ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദിലീപ് വാഹനങ്ങളുടെ മെക്കാനിക് ജോലി ഉപജീവനമാക്കിയെങ്കിലും കൃഷിയോടുള്ള മോഹം മനസില്‍ നിറഞ്ഞുനിന്നിരുന്നു. തടസം ഭൂമിയില്ലെന്ന പോരായ്മയായിരുന്നു. ആകെയുള്ള എട്ടു സെന്റ് സ്ഥലത്താണ് വീടും വര്‍ക്ക് ഷോപ്പും സ്‌പെയര്‍
പാര്‍ട്‌സ് കടയും സ്വന്തമായുള്ള കുടിവെള്ള വിതരണ ഏജന്‍സിയും മിനറല്‍ വാട്ടര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നത്.

കൃഷി ചെയ്യണമെന്ന ആഗ്രഹം മുന്‍നിര്‍ത്തിയാണ് വീട് പൊളിച്ചുപണിതതെന്ന് ദിലീപ് പറഞ്ഞു. ടെറസില്‍ ആദ്യം വിവിധയിനം പച്ചക്കറികളാണ് കൃഷിചെയ്തു തുടങ്ങിയത്. ശക്തമായ വെയില്‍ചൂടും ഉറുമ്പുകളുടെ ശല്യവും തടസമായപ്പോള്‍ ദിലീപിന്റെ കൃഷി തുടക്കത്തില്‍ തന്നെ വാടിക്കരിയുന്നതിലേക്കെത്തി. എന്നാല്‍, ജോലിത്തിരക്കുകള്‍ക്കിടെ ദിലീപ് പല ഉപായങ്ങളും പരീക്ഷിച്ചുകൊണ്ടിരുന്നു. റെയിന്‍ഗാര്‍ഡ് നെറ്റ് കൊണ്ട് കൃഷി മറച്ച് വെയില്‍ ചൂടിനെ തടഞ്ഞെങ്കിലും ഇലകളിലെ ഹരിതകനിറം മങ്ങിക്കൊണ്ടിരുന്നു. മുരിങ്ങ ഇലകള്‍ അരച്ച് കുഴമ്പാക്കിയ ലായനി ദിവസവും സ്‌പ്രേചെയ്ത് ഹരിതകം വീണെ്ടടുത്തു. ഉറുമ്പുകള്‍ക്ക് വെളുത്തുള്ളി നീര് കഷായം ഫലപ്രദമായി. ഒടുവില്‍ കൃഷി പച്ചപ്പണിഞ്ഞ് സമൃദ്ധിയായി. വീട്ടാവശ്യത്തിനുള്ള എല്ലായിനം പച്ചക്കറിയും സുലഫമായി. ചാണകവും എല്ലുപൊടിയും മാത്രമായിരുന്നു വളം.

മകന്‍ ദിനുകുമാര്‍ നട്ടുപിടിപ്പിച്ച ഒരു കറ്റാര്‍ വാഴയില്‍നിന്നാണ് ഇപ്പോള്‍ വന്‍ താതില്‍ ഈ കൃഷിയിലേക്ക് തിരിയാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്. ചുവട്ടില്‍ നിന്നുണ്ടാകുന്ന കിളിര്‍പ്പുകള്‍ ഷെല്‍ഫുകളിലായി ചട്ടികളില്‍ നട്ടുപിടിപ്പിച്ച് കൃഷി വിപുലമാക്കുകയായിരുന്നു. വാഴപ്പോളകളും ചെടികളും ആയുര്‍വേദ മരുന്ന് ശാലകളിലാണ് കൂടുതലായും വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ത്രൈറ്റിസ്, ഡയബറ്റിക്, അമിത കൊളസ്‌ട്രോള്‍, ഉദര രോഗങ്ങള്‍ തുടങ്ങിയവയ്ക്കും ഇപ്പോള്‍ അര്‍ബുദത്തെ പ്രതിരോധിക്കാനും കറ്റാര്‍വാഴ നീര് ഫലപ്രദമായ പ്രതിവിധിയാണ്. പോളകളിലെ കൊഴുപ്പില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പ്രധാന ആയുര്‍വേദ ഔഷധമാണ് ചെന്നിനായകം.

പോളകളിലെ ജെല്ലില്‍ എന്‍സൈമുകള്‍, അമിനോ അമ്ലങ്ങള്‍, കാല്‍സ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ് എന്നീ ജീവകങ്ങളാണ് ധാരാളമായി അടങ്ങിയിരിക്കുന്നത്. ആയുര്‍വേദ സോപ്പുകള്‍, ആരോഗ്യ പാനീയങ്ങള്‍, ത്വക്ക് ഈര്‍പ്പമുള്ളതാക്കുന്ന കുഴമ്പുകള്‍, ലേപനങ്ങള്‍, ക്ലെന്‍സറുകള്‍, മോയിസ്ചറൈസുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് പ്രധാനമായും കറ്റാര്‍വാഴയിലെ ജീവകങ്ങളാണ് ഉപയോഗിക്കുന്നത്.

ഏറെ വിപണന സാധ്യതകളുള്ള കറ്റാര്‍വാഴ വാണിജ്യാടിസ്ഥാനത്തില്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. വീട്ടുമുറ്റത്ത് ഉയരത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും പക്ഷികള്‍ കൂടുകൂട്ടിയുമായ കറിവേപ്പുമരം തണല്‍മരമായി വളര്‍ന്നതിനു പിന്നിലും ദിലീപിന്റെ കൃഷിയോടുള്ള സ്‌നേഹം കാണാം.

See more at: http://www.deepika.com/localnews/Localdetailnews.aspx?id=67009&Distid=KL5#sthash.1pjjZjTI.dpuf

No comments:

Post a Comment