Sunday, 28 June 2015

നായയെ വളര്‍ത്തുമ്പോള്‍

ഡോ. സാബിന്‍ ജോര്‍ജ്‌

ആവശ്യവും സ്ഥലസൗകര്യവും മടിശീലയുടെ കനവും സമയലഭ്യതയുമൊക്കെ പരിഗണിച്ച്‌ നായ ഇനത്തെ തെരഞ്ഞെടുക്കുക. സ്ഥലപരിമിതിയുള്ളവര്‍ക്ക്‌ പഗ്‌, ഡാഷ്‌ഹണ്‌ട്‌, പോമറേനിയന്‍ തുടങ്ങിയ ചെറിയ ഇനങ്ങളെയും മറ്റുള്ളവര്‍ക്ക്‌ അല്‍സേഷ്യന്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ എന്നിവയെയും
തെരഞ്ഞെടുക്കാം. നാടന്‍ ഇനങ്ങള്‍ ഇണക്കത്തിലും രോഗപ്രതിരോധ ശേഷിയിലും മുന്‍പിലാണെന്നു മറക്കേണ്‌ട.

ഒരുമാസം പ്രായമായ ആരോഗ്യമുള്ള കെന്നല്‍ക്ലബിന്റെ സര്‍ട്ടിഫിക്കറ്റുള്ള കുഞ്ഞുങ്ങളെ വേണം വാങ്ങാന്‍. ജനിച്ച്‌ രണ്‌ടാഴ്‌ച മുതല്‍ വിരമരുന്ന്‌ നല്‍കണം. ഒരുവയസ്‌ പ്രായംവരെ മാസംതോറും വിരമരുന്ന്‌ നല്‍കണം. പ്രായത്തിനും ശരീരഭാരത്തിനുമനുസരിച്ചുള്ള വിരമരുന്നും അളവും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം നല്‍കുക. രണ്‌ടുമാസം പ്രായമാകുമ്പോള്‍ സാംക്രമികരോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്‌പുകള്‍ നല്‍കണം. 

ഡിസ്റ്റംപര്‍ പാര്‍വോ, ഇന്‍ഫ്‌ളുവെന്‍സ, ലെപ്‌റ്റോസ്‌പൈറോസിസ്‌ എന്നീ രോഗങ്ങള്‍ക്കെതിരേയുള്ള ഒറ്റ കുത്തിവയ്‌പ്‌ നല്‍കുകയും ഒരുമാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ്‌ നല്‍കുകയും വേണം. പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്‌പ്‌ രണ്‌ടരമാസത്തില്‍ നല്‍കാം. പിന്നീട്‌ ഒരുമാസം കഴിഞ്ഞ്‌ ബൂസ്റ്റര്‍ കുത്തിവയ്‌പും വര്‍ഷംതോറും ആവര്‍ത്തന കുത്തിവയ്‌പുകളും നടത്തണം.

ചര്‍മസംരക്ഷണം നായ്‌വളര്‍ത്തലില്‍ ഏറെ പ്രധാനമാണ്‌. രോമം കൊഴിച്ചില്‍, ചൊറിച്ചില്‍, തൊലി ചുവന്നു തടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്‌ടാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിക്കണം. രോമം കൂടുതലുള്ള ഇനങ്ങളെയും മറ്റുള്ളവയെയും സ്ഥിരമായി ബ്രഷ്‌ ചെയ്‌ത്‌ ത്വക്കില്‍ രക്തയോട്ടം കൂട്ടി സുന്ദരന്മാരായി നിലനിര്‍ത്തണം. വളരുന്ന നായ്‌ക്കള്‍ക്ക്‌ പോഷകന്യൂനത ഒഴിവാക്കി വളര്‍ച്ച കൂട്ടാന്‍ മികച്ച തീറ്റ നല്‍കണം. ഇതു വിപണിയില്‍നിന്നു ലഭിക്കുന്ന നായ്‌ത്തീറ്റയോ വെറ്ററിനറി ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ത്തന്നെ തയാറാക്കുന്നതോ ആകാം. 

തീറ്റക്രമം പ്രായത്തിനും ശരീരഭാരത്തിനും അനുസരിച്ച്‌ ക്രമീകരിക്കണം. വീട്ടിലെത്തുന്ന സമയത്തുതന്നെ നായ്‌ക്കുഞ്ഞുങ്ങള്‍ക്ക്‌ ടോയ്‌ലറ്റ്‌ പരിശീലനം നല്‍കണം. പിന്നീട്‌ പെരുമാറ്റച്ചട്ടങ്ങളും അനുസരണശീലവും വളര്‍ത്താനുള്ള അടിസ്ഥാന പരിശീലനം നല്‍കുക. ആഴ്‌ചയിലൊരിക്കല്‍ ഡോഗ്‌ സോപ്പോ, ഷാംപുവോ ഉപയോഗിച്ചു കുളിപ്പിക്കാം. നായ്‌ക്കളെ ആവശ്യം തോന്നുന്ന സമയത്ത്‌ മാത്രം കുളിപ്പിക്കുക. നായ്‌ക്കള്‍ക്ക്‌ ദന്തരോഗങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ടൂത്ത്‌പേസ്റ്റ്‌ ഉപയോഗിച്ച്‌ പല്ലുകള്‍ വൃത്തിയാക്കാം.

ജീവിതശൈലീ രോഗങ്ങളാണ്‌ നായ്‌ക്കള്‍ നേരിടുന്ന പുതിയ ഭീഷണി. പൊണ്ണത്തടിയും പ്രമേഹവും അര്‍ബുദവുമെല്ലാം നായ്‌ക്കളിലും കണ്‌ടുവരുന്നു. ശാസ്‌ത്രീയമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലിപ്പിക്കണം. വാര്‍ധക്യത്തിലെത്തുന്ന നായ്‌ക്കളുടെ സംരക്ഷണം പുതിയ വെല്ലുവിളിയാണ്‌. ചെറുപ്രായത്തില്‍ ഓമനയായി വീട്ടിലെത്തുന്ന അരുമ നായ 7-10 വയസാകുമ്പോള്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കാണിക്കാം. ഇവയെ പെരുവഴിയില്‍ വിടാതെ സംരക്ഷിക്കേണ്‌ടതുണ്‌ട്‌.

നായ്‌ക്കളെ ഇണചേര്‍ക്കാന്‍ താത്‌പര്യമില്ലെങ്കില്‍ സന്താനോത്‌പാദനം തടയാനുള്ള ശസ്‌ത്രക്രിയകള്‍ നടത്തണം. പ്രായപൂര്‍ത്തിയായ പെണ്‍നായ്‌ക്കള്‍ വര്‍ഷത്തില്‍ രണ്‌ടുതവണ മദിലക്ഷണം കാണിക്കുന്നു. യോനിയില്‍നിന്നുള്ള രക്തസ്രാവം കഴിഞ്ഞ്‌ ഇണ ചേര്‍ക്കാവുന്നതാണ്‌. നായ്‌ക്കളുടെ ആരോഗ്യപരിപാലനത്തിന്‌ വെറ്ററിനറി ഡോക്‌ടറുടെ നിര്‍ദേശം തേടണം.

ഫോണ്‍: 9446203839
Source: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=364610#sthash.sQGygdVN.dpuf

No comments:

Post a Comment