Wednesday, 24 June 2015

വിളകളിലെ രോഗങ്ങള്‍ക്ക്‌ ചികിത്സയുമായി ഞാറ്റുവേല

കോഴിക്കോട്‌: കാര്‍ഷിക വിളകളുടെ രോഗം ബാധിച്ച ഇലകളുമായി ഇന്നലെ ടൗണ്‍ ഹാളിലെത്തിയവരെ എതിരേറ്റത്‌ ഡോക്ടര്‍മാര്‍! കൃഷി വിദഗ്‌ധരും പാരമ്പര്യ ജൈവ കര്‍ഷകരും അടങ്ങുന്ന സംഘമാണ്‌ കര്‍ഷകര്‍ക്ക്‌ തുണയായി
കാര്‍ഷിക ക്ലിനിക്ക്‌ സംഘടിപ്പിച്ചത്‌.
ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നതു പോലെയാണ്‌ ഇവര്‍ കീടബാധയുള്ള വിളകളെ പരിചരിച്ചത്‌. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഞാറ്റുവേലയോടനുബന്ധിച്ചായിരുന്നു കാര്‍ഷിക ക്ലിനിക്‌.

നിരവധി കര്‍ഷകരാണ്‌ രോഗം വന്ന കാര്‍ഷിക വിളകളുടെ ഇലയും വിശദാംശങ്ങളുമായി വിദഗ്‌ധരെ കാണാനെത്തിയത്‌. കൃഷിയുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, കീടബാധകള്‍ എന്നിവയ്‌ക്കെല്ലാം ക്ലിനിക്കിലൂടെ പരിഹാരം കാണാന്‍ സാധിച്ചതായി കര്‍ഷകര്‍ പറഞ്ഞു.

പച്ചമുളകിന്റെയും തക്കാളിയുടെയും ഇല ചീയല്‍ ഒഴിവാക്കാന്‍? വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, പാവല്‍, പടവലം, തുടങ്ങിയ വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണയും ബാര്‍ സോപ്പും അടങ്ങിയ മിശ്രിതം, ചെടികളുടെ വേരിനെ കാര്‍ന്നു തിന്നുന്ന വിരകളെ തുരത്താന്‍ വേപ്പിന്‍ പിണ്ണാക്ക്‌ തുടങ്ങിയ നുറുങ്ങുവിദ്യകള്‍ ഇവര്‍ കര്‍ഷകര്‍ക്ക്‌ പരിചയപ്പെടുത്തി. വെളുത്തുള്ളി മുളക്‌ മിശ്രിതം ഉപയോഗിച്ച്‌ കായീച്ചയെയും തണ്‌ടുതുരപ്പനെയും തുരത്താം എന്നത്‌ പലര്‍ക്കും പുതിയ അറിവായിരുന്നു.

ജൈവ കൂട്ടുകളായ പഞ്ചഗവ്യം, ജീവാമൃതം, അമൃതപാനി, ചാണകപ്പൊടിയുടെ പായ്‌ക്കറ്റ്‌, ജൈവകീട നിയന്ത്രണ ലായനികളായ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, പാല്‍ക്കഷായ മിശ്രിതം, പുകയില കഷായം തുടങ്ങിയവയും ഞാറ്റുവേലയില്‍ വില്‍പ്പന നടത്തി. കൂടാതെ സര്‍വസുഗന്ധി, കൂവളം, മാവ്‌, കുറുകിയ ഇനം തെങ്ങ്‌, റമ്പൂട്ടാന്‍, മാങ്കോസ്‌റ്റിന്‍, മുള്ളന്‍ ചക്ക, മധുരനാരങ്ങ തുടങ്ങിവയയുടെ തൈകളും വില്‍പ്പനയ്‌ക്കുണ്‌ടായിരുന്നു.

കൃഷി ഓഫീസര്‍ വി.എസ്‌. ഫാസില്‍, കൃഷി വിദഗ്‌ദരായ പി.എം. വത്സലന്‍, പി. രാജന്‍, പി.വി. കൃഷ്‌ണന്‍ കുട്ടി എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌. ഞാറ്റുവേല ഉത്സവത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി, കോളജ്‌ തല ക്വിസ്‌ മത്സരവും ഇന്നലെ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ?അടുക്കള തിരിച്ചുപിടിക്കുക? എന്ന വിഷയത്തില്‍ സജീവന്‍ കാവുങ്കരയും ?നമ്മുടെ ഭക്ഷണത്തിലെ വിഷമാലിന്യങ്ങള്‍എന്ന വിഷയത്തില്‍ ഡോ.കെ.പി. അരവിന്ദന്‍, ഡോ. വി.ജി. പ്രദീപ്‌ എന്നിവര്‍ ക്ലാസെടുത്തു.

No comments:

Post a Comment