Saturday, 25 July 2015

തേനീച്ചകളുടെ മഴക്കാല സംരക്ഷണം

ബിജു ജോസഫ്
മീനച്ചില്‍ ബീ ഗാര്‍ഡന്‍


തേനുത്പാദനം കഴിയുന്നതോടുകൂടി പലരും തേനീച്ച കോളനികളെ വേണ്ടവിധം ശ്രദ്ധിക്കാറില്ല. ഈ അശ്രദ്ധ കോളനികളുടെ പാലായനത്തിനു കാരണമാകും. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് തേനീച്ചകള്‍ക്കു ക്ഷാമകാലം. ഈ ഘട്ടത്തിലാണ് തേനീച്ചകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചരണം ആവശ്യമുള്ളത്. പ്രകൃതിയില്‍നിന്നു തേനും പൂമ്പൊടിയും ലഭ്യമല്ലാത്തതിനാല്‍ ശരിയായ പരിചരണം ലഭിക്കാതിരുന്നാല്‍ മുട്ടയിടീല്‍ കുറയ്ക്കാനിടവരുത്തും. ഇത് കോളനിയിലെ തേനീച്ചയുടെ അംഗബലത്തെ സാരമായി ബാധിക്കുകയും ചെയ്യും.



മുട്ടകള്‍ കുറവുള്ള അടകളോട് തേനീച്ചയ്ക്കു താത്പര്യമില്ലാത്തതിനാല്‍ കൂട് ഉപ്ക്ഷിക്കാനുള്ള പ്രവണത കൂടുതലാണ്. ഇതൊഴിവാക്കാന്‍ മഴക്കാലത്ത് ചില പരിചരണമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

1. കൂട് വൃത്തിയാക്കല്‍
മഴക്കാലത്ത് തേനീച്ചപ്പെട്ടികള്‍ നനയാതെ പൂര്‍ണമായും മൂടി സൂക്ഷിക്കണം. ആഴ്ചയിലൊരിക്കല്‍ കൂടിന്റെ അടിപ്പലക വൃത്തിയാക്കണം. ഇത് മെഴുകു പുഴുവിന്റെ ആക്രമണത്തില്‍നിന്നു കോളനിയെ രക്ഷിക്കും.

2. ഭക്ഷണം
ആഴ്ചയിലൊരിക്കല്‍ ഓരോ പെട്ടിയിലും പഞ്ചസാര ലായനി കൊടുക്കാവുന്നതാണ്. അതിനായി ഒരു പെട്ടിക്ക് 250ഗ്രാം പഞ്ചസാര 150 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിച്ച് തണുത്തതിനുശേഷം ഓരോ പെട്ടിയിലും വച്ച് കൊടുക്കാം. ഇതിനായി പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കാം.

പാത്രത്തില്‍ വീണ് ഈച്ചകള്‍ ചാകുന്ന സാഹചര്യം ഒഴിവാക്കാനായി പാത്രത്തിന്റെ വശങ്ങള്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പരുക്കനാക്കണം. ഒരു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന എല്ലാ പെട്ടികളിലും ഒരേ സമയത്തുതന്നെ പഞ്ചസാര ലായനി നല്‌കേണ്ടതാണ്. ശക്തിയുള്ള കൂടിന് മുകളില്‍ പറഞ്ഞ അളവില്‍ കൂടുതലും ദുര്‍ബലമായതിനു അല്പം കുറഞ്ഞ അളവിലും ലായനി യുക്തിപൂര്‍വം നല്കാവുന്നതാണ്.

3. അട മാറ്റുക
ഇച്ചകളുടെ അളവ് കുറയുന്നതിനനുസരിച്ച് സൂപ്പര്‍ ഫ്രെയിമുകളിലെ അടകള്‍ ഓരോന്നായി ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കുന്ന അടകള്‍ വെള്ളത്തില്‍ ഉരുക്കിയെടുത്ത് മെഴുകാക്കിമാറ്റിയാല്‍ അത് തേനീച്ചപ്പെട്ടിയില്‍നിന്നുള്ള അധിക വരുമാനത്തിനുപകരിക്കും.

4. ശത്രുക്കള്‍
മഴക്കാലത്ത് തേനീച്ച പറന്നുപോകാനുള്ള മറ്റൊരു കാരണം തേനീച്ചയുടെ ശത്രുക്കളായ ഉറുമ്പ്, നീറ്, പാറ്റ, എട്ടുകാലി മുതലായവയാണ്. മഴക്കാലം ആരംഭിക്കുന്നതോടുകൂടി പ്രകൃതിയിലുള്ള ഉറുമ്പുകള്‍ സുരക്ഷിതസ്ഥലം തേടി തേനീച്ചപ്പെട്ടികളിലേക്ക് കയറും. ഇതൊഴിവാക്കാനായുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ സംരക്ഷണം മഴക്കാലത്തു നല്കിയാല്‍ വളര്‍ച്ചാ കാലത്തിന്റെ ആരംഭത്തില്‍ത്തന്നെ വിഭജനം സാധ്യമാക്കുകയും കോളനി വിഭജനം മറ്റൊരു വരുമാനമാര്‍ഗമാക്കുകയും ചെയ്യാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:  9447227186



No comments:

Post a Comment