Friday, 31 July 2015

മഴക്കാലമായി, ഓമനപ്പക്ഷികള്‍ക്കു വേണം പ്രത്യേക കരുതല്‍

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രൊഫസര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി


മോഹവില നല്‍കി വാങ്ങി വളര്‍ത്തുന്ന അരുമപ്പക്ഷിയ്ക്ക് മഴക്കാലം പലപ്പോഴും രോഗകാലമാകാറുണ്ട്. കുടുംബാംഗങ്ങളുടെ ഓമനയായി വളര്‍ത്തുന്ന, വിപണിയില്‍ വിലയേറെയുള്ള അരുമകള്‍ക്ക് അസുഖം വരുന്നത് പക്ഷിവളര്‍ത്തുകാരുടെ നിത്യ പ്രശ്‌നമാണ് മഴക്കാലത്തെ ഈര്‍പ്പവും നനവും നിറഞ്ഞ കാലാവസ്ഥ രോഗം വരുത്തുന്ന സൂക്ഷ്മാണുക്കള്‍ക്ക് പലപ്പോഴും ഉല്‍സവകാലമാണ്.


പക്ഷിക്കൂടുകളില്‍ ഈര്‍പ്പം പടരുന്നതോടെ ബാക്ടീരിയകളും, പ്രോട്ടോസോവകളും പെരുകാന്‍ കാരണമാകും. കൂടിന്റെ കമ്പിവലകളിലും, തീറ്റ- വെള്ളപ്പാത്രങ്ങളിലും, കൂടിനുള്ളിലെ മരക്കൊമ്പുകളിലുമൊക്കെ ഇവരുണ്ടാകും. ഇവര്‍ ജലം, വായു, ആഹാരം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ  പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. അങ്ങനെ മഴക്കാലം പക്ഷികള്‍ക്ക് കഷ്ടകാലമാകുകയും ചെയ്യുന്നു.

ദഹന, ശ്വസന, വ്യൂഹങ്ങളെ  ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും കൂടുതലായി കാണപ്പെടാറുള്ളത്. ഇതില്‍ തന്നെ കാലാവസ്ഥാമാറ്റം മൂലമോ, പോഷകന്യൂനത മൂലമോ രോഗപ്രതിരോധശേഷി കുറഞ്ഞ പക്ഷികളാകും രോഗത്തിന് പെട്ടെന്ന് അടിമപ്പെടുക.

ഓമനപ്പക്ഷികളെ പാര്‍പ്പിക്കുന്ന കൂടുകള്‍ മഴക്കാലത്ത് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുകയാണ് ഏറെ പ്രധാനം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവയെ കൂട്ടത്തില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കുക. ഇവയ്ക്ക് സാധാരണ കൂടിന്റെയത്ര വലിപ്പം ആവശ്യമില്ല. ഇവയ്ക്ക് ഒരു ബള്‍ബിട്ട് ചൂട് നല്‍കുന്നത് നല്ലതാണ്. രോഗബാധിതരായ പക്ഷികള്‍ ഭക്ഷണവും, വെള്ളവും ഉപേക്ഷിക്കാന്‍ താല്പര്യപ്പെടുകയും തന്മൂലം നിര്‍ജലീകരണവും, പട്ടിണിയും മൂലം ചാവുകയും ചെയ്‌തേക്കാം.

അസുഖ ബാധിതരായ പക്ഷികള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കുകളും, ആന്റി പ്രോട്ടോസോവനും അടങ്ങിയ മരുന്നുകള്‍ നിശ്ചിത അളവില്‍ കൃത്യമായ കാലയളവിലേക്ക് നല്‍കണം. കൂടാതെ വിറ്റമിന്‍, മിനറല്‍ മിക്‌സ്ചറുകളും നല്‍കണം. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ആരോഗ്യമുള്ള പക്ഷികള്‍ക്ക് പ്രോബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്. സാധാരണ നല്‍കുന്ന ധാന്യത്തീറ്റയോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം മൃദു ഭക്ഷണം (Soft food)  നല്‍കാവുന്നതാണ്. പുഴുങ്ങിയ മുട്ടയും, റൊട്ടിപ്പൊടിയും, വൈറ്റമിന്‍ മിശ്രിതവും, പ്രോബയോട്ടിക്കുകളുമൊക്കെ ചേര്‍ത്ത് ഇത് തയ്യാറാക്കാം. അസുഖം ബാധിച്ചവരുടേയും, ആരോഗ്യമുള്ളവരുടേയും മഴക്കാല പരിചരണം, തീറ്റക്രമം, ആരോഗ്യ പരിപാലനം, മരുന്നുകളുടെ ഉപയോഗം എന്നിവ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം കൃത്യമായ ടൈം ടേബിളിള്‍ തയ്യാറാക്കി നല്‍കേണ്ടത് ഏറെ ആവശ്യമാണ്.


ഫോണ്‍: 9446203839


No comments:

Post a Comment