Saturday, 25 July 2015

ശ്വാനവീരര്‍ക്കു കൃത്യമായ പരിചരണവും ഭക്ഷണക്രമവും

സാജന്‍ സജി സിറിയക്
ഡോഗ് ട്രെയിനര്‍


നായ് വളര്‍ത്തല്‍ കേരളത്തില്‍ നേരത്തെ പ്രചാരം നേടിയതെങ്കിലും നായ്ക്കളുടെ പരിശീലനവും പ്രദര്‍ശനവും മത്സരവുമൊക്കെ പ്രചാരത്തിലായിട്ട് അധികം നാളുകളായിട്ടില്ല. സാധാരണ നാടന്‍ ഇനങ്ങളില്‍നിന്നു മാറി വിദേശ ഇനങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ അവയ്ക്കുള്ള പരിശീലനത്തിനും പ്രാധാന്യമേറി. നായ്ക്കളെ വളര്‍ത്തുമ്പോള്‍ അടിസ്ഥാനമായി ഒരു നായയ്ക്കു ലഭ്യമായിരിക്കേണ്ട കാര്യങ്ങള്‍ ഓരോ ഉടമസ്ഥനും അറിഞ്ഞിരിക്കണം.പരിചരണവും ഭക്ഷണക്രമവും

കാത്സ്യം, മാംസ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡ്‌സ്, കാര്‍ബോ ഹൈഡ്രേറ്റ്‌സ് എന്നിവ അടങ്ങിയ ഭക്ഷണമായിരിക്കണം നായകള്‍ക്കു നല്‌കേണ്ടത്. ഇറച്ചിയും ചോറും നല്കുന്ന നായകള്‍ക്ക് ആവശ്യമായ അളവില്‍ കാത്സ്യവും ഒമേഗ ത്രീ ആസിഡുകളും ലഭിക്കില്ലാത്തതിനാല്‍ അവ പുറമേ നല്കണം. എന്നാല്‍ ചോറിനൊപ്പം മത്തി നല്കുമ്പോള്‍ മറ്റ് മൂലകങ്ങള്‍ പുറമേ നല്‌കേണ്ടിവരില്ല. ഇറച്ചി നല്കാന്‍ പറ്റാത്തവര്‍ക്ക് പയര്‍വര്‍ഗങ്ങള്‍ ചോറിനൊപ്പം നല്കാം. ഇതുമല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഡോഗ്ഫുഡ്‌സ് നല്കാം. കുഞ്ഞുങ്ങള്‍ക്ക് നവധാന്യങ്ങള്‍ പൊടിച്ച് നല്കാം.

കൃത്യമായി വിരയിളക്കണം. മുപ്ലിവണ്ടിന്റെ സീസണിലാണ് സാധാരണയായി ചെള്ളിന്റെ സാന്നിധ്യമുണ്ടാവുക. അതുകൊണ്ടുതന്നെ ചെള്ളിനെ പ്രതിരോധിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണം. കൂടിനു ചുറ്റുമുള്ള കരിയിലകള്‍ ചുട്ടു നശിപ്പിച്ച് കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചെള്ളു മരുന്ന് കൃത്യമായി ചെയ്യണം. ചെള്ള് വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് വരാതെ ശ്രദ്ധിക്കുന്നതാണ്. ചെള്ളുബാധ നായയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നതാണ്.
കൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ടോയ്‌ലറ്റ് ട്രെയിനിംഗ് നല്കുന്നത് കൂട് വൃത്തിയായി ഇരിക്കുന്നതില്‍ പ്രധാന ഒന്നാണ്. ഭക്ഷണം കൊടുത്തുകഴിഞ്ഞ് അഴിച്ചുവിട്ട് ശീലിപ്പിക്കണം. കൂട്ടില്‍ വിസര്‍ജിക്കുന്നത് അഴിച്ചുവിട്ട് ശീലിപ്പിക്കാത്തതിനാലാണ്. ഭക്ഷണാവശിഷ്ടങ്ങളോ വിസര്‍ജ്യമോ ശരീരത്തില്‍ പറ്റുന്നതാണ് ദുര്‍ഗന്ധത്തിനു കാരണം. കൂട്ടില്‍ നനവുണ്ടാകരുത്.
വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ അഭിമുഖീകരിക്കുന്ന  പ്രധാന പ്രശ്‌നമാണ് നായ്ക്കള്‍ അകാരണമായി കുരയ്ക്കുന്നത്. ആവശ്യമില്ലാതെ കുരയ്ക്കുന്നത് വിലക്കണം. എന്നാല്‍ കുരയ്‌ക്കേണ്ട സമയത്ത് കുരയ്ക്കുമ്പോള്‍ അഭിനന്ദിക്കുകയും വേണം.

ഇടയ്ക്ക് തുടലില്‍ ഇട്ട് ഒപ്പം നടത്തണം. തീറ്റ കൊടുക്കുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് ഇടുന്നതും തീറ്റയ്ക്കുശേഷം ഊരി മാറ്റുന്നതും നല്ലതാണ്. അത് ബെല്‍റ്റ് ഇടുന്നതിനോട് നായ്ക്കള്‍ കൂടുതല്‍ താത്പര്യം കാണിക്കാന്‍ ഉപകരിക്കും.
ഭക്ഷണം നല്കുന്നതും അഴിച്ചുവിടുന്നതും എന്നും ഒരേ സമയം ആയിരിക്കണം. തടിക്കൂടുകളാണെങ്കില്‍ ആഴ്ചയിലൊന്ന് അടിയില്‍ കുമ്മായം വിതറണം. ചെറുപ്പം മുതല്‍ അഴിച്ചുവിടുന്ന സമയങ്ങളില്‍ പ്രത്യേകം അതിര്‍ത്തി തിരിച്ച് വളര്‍ത്തുന്നത് നായകള്‍ ദൂരേക്ക് പോകുന്നത് ഒഴിവാക്കാന്‍ കഴിയും.
കൂട്ടില്‍ ആവശ്യത്തിനു സ്ഥലമുണ്ടായിരിക്കണം. നായ നിന്നിട്ട് വാല്‍ നീട്ടിയാല്‍ പുറകിലത്തെ ഭിത്തിയില്‍ മുട്ടരുത്. സാധാരണ കൂടിന് 5ഃ4 അടി വലുപ്പമെങ്കിലും ഉണ്ടാവണം. നായയുടെ വലിപ്പമനുസരിച്ച് കൂടിന്റെ വലുപ്പത്തില്‍ വ്യത്യാസമുണ്ടാകണം.

കൂട്ടിലടച്ചു വളര്‍ത്താനെങ്കില്‍ നായ്ക്കളെ വളര്‍ത്തരുത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ കൂടുതല്‍ ആക്രമണസ്വഭാവംകാണിക്കും. മാത്രമല്ല ആയുസ് കുറയുകയും പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

വീടിനുള്ളില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന നായകള്‍ക്ക് സ്വന്തമായി ഒരു കൂട് നല്കിയിരിക്കണം. ഇത് അവയ്ക്കു കൂടുതല്‍ ആത്മവിശ്വാസം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9961310970


No comments:

Post a Comment