Friday, 31 July 2015

ഫ്‌ളെക്‌സ് പാഴാക്കേണ്ട, ഉപയോഗമുണ്ട്

ഐബിന്‍ കാണ്ടാവനം


കാലത്തിന്റെ കുത്തൊഴുക്കില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ പ്രാധാന്യം ഒന്നു വേറെതന്നെയാണ്. എന്നാല്‍, ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് ഷീറ്റുകള്‍ പലപ്പോഴും പ്രകൃതിക്കും മനുഷ്യനും ഭീഷണിയാവാറുമുണ്ട്. ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും കാര്‍ഷികരംഗത്തേക്ക് അധികം അങ്ങനെ അടുപ്പിച്ചിട്ടില്ല.
സ്ഥലപരിമിധിയുള്ളവര്‍ കൃഷി ചെയ്യാനായി ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുക ഗ്രോ ബാഗുകളെയാണ്. എന്നാല്‍ അവയുടെ വില പലരെയും കൃഷിയില്‍നിന്നും പിന്നോട്ട് വലിക്കാനിടവരുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചുരുങ്ങിയ ചെലവില്‍ ഗ്രോ ബാഗ് എങ്ങനെ നിര്‍മിക്കാം എന്നതിനെക്കുറിച്ച് ആലപ്പുഴ പുന്തല അജിത് ഭവനില്‍ അജിത് കുമാര്‍ ചിന്തിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കണം. അതുകൊണ്ടുതന്നെ അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല ഉപയോഗശൂന്യമായ ഫ്‌ളെക്‌സുകള്‍ ശേഖരിച്ച് ബാഗ് നിര്‍മിക്കാന്‍ തീരുമാനിച്ചു. അല്പം രാഷ്ട്രീയപ്രവര്‍ത്തനം ഉള്ളതിനാല്‍ ഫ്‌ളെക്‌സുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല.

 അജിത് കുമാര്‍
ഫ്‌ളെക്‌സിന്റെ വലുപ്പം അനുസരിച്ചാണ് ബാഗ് നിര്‍മിച്ചത്. ആവശ്യമായ അളവു നോക്കി ഫ്‌ളെക്‌സ് മുറിച്ച് ചുവടു ഭാഗവും വശങ്ങളും ഫ്‌ളെക്‌സ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ ഉപയോഗിച്ച് മടക്കി ഒട്ടിച്ചു. നീര്‍വാര്‍ച്ചയ്ക്കുവേണ്ടി ബാഗിന്റെ അടിഭാഗത്ത് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്. മുറിക്കുമ്പോള്‍ നീളവും വീതിയും വ്യത്യാസപ്പെടുത്തി ബാഗിന്റെ വലിപ്പം ക്രമീകരിക്കാവുന്നതാണ്. 30 രൂപയുടെ ഒരു ബോട്ടില്‍ പശകൊണ്ട് ആറു ബാഗ്‌വരെ നിര്‍മിക്കാം. കട്ടിയുള്ള ഫ്‌ളെക്‌സാണ് ബാഗ് നിര്‍മിക്കാന്‍ ഉത്തമം.

മിക്ക ഫ്‌ളെക്‌സിനും ഗ്രോ ബാഗ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഷീറ്റിന്റെ ഇരട്ടിയിലധികം ഘനം കാണും. ഫ്‌ളെക്‌സ് വെതര്‍ പ്രൂഫ് മെറ്റീരിയല്‍കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. വളരെ കാലം ഈടു നില്ക്കും. ഇഷ്ടമുള്ള വലുപ്പത്തില്‍ ബാഗു നിര്‍മിക്കാന്‍ കഴിയുന്നത് ഒരു വലിയ കാര്യംതന്നെയാണ്. കോവല്‍, പാവല്‍, പടവലം തുടങ്ങിയവയ്‌ക്കൊക്കെ വലിയ ബാഗുകള്‍ വേണം. പച്ചക്കറികളുടെ വേരുകള്‍ ഒരടിയില്‍ക്കൂടുതല്‍ താഴോട്ട് സഞ്ചരിക്കാറില്ല. ബാഗിന് ഉയരം കൂടുതല്‍ ഉണ്ടായിട്ടു കാര്യം ഇല്ല. മാര്‍ക്കറ്റില്‍നിന്ന് രണ്ടു ബാഗുകള്‍ വാങ്ങുന്ന പണം വേണ്ട ഫ്‌ളെക്‌സുകൊണ്ടുള്ള ആറ് ബാഗുകള്‍ നിര്‍മിക്കാന്‍.

ഫ്‌ളെക്‌സ് ഉപയോഗിച്ച് അമ്പതോളം ഗ്രോ ബാഗുകള്‍ അജിത് വീട്ടിലേക്കായി തയാറാക്കിയിട്ടുണ്ട്. ഇതില്‍ പടവലം, പാവല്‍, വെണ്ട, ചീനി, തക്കാളി, പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ നട്ടുവളര്‍ന്നു വരുന്നു.
പുന്തല ബികെവി എന്‍എസ്എസ് യുപി സ്‌കൂളിലെ ഓഫീസ് അറ്റന്‍ഡന്റാണ് അജിത്. ഉപയോഗശൂന്യമായ വസ്തു ഉപയോഗിച്ചുള്ള അജിതിന്റെ കൃഷിരീതി ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ്.
ഫോണ്‍: 9447255398


No comments:

Post a Comment