Saturday, 8 August 2015

ലക്ഷണം നോക്കാം, ആരോഗ്യമുള്ള പശുവിനെ അടുത്തറിയാം

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍,
വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍


രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സയും പരിചരണങ്ങളും നല്കിയാല്‍ രോഗങ്ങള്‍ മൂലമുളള നഷ്ടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്നറിയാന്‍ ദിവസവും ഉരുക്കളെ പ്രത്യേകം നിരീക്ഷിക്കണം. ഇതിനായി രോഗലക്ഷണങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവുണ്ടായിരിക്കണം. ഏതാണ് രോഗമെന്ന് കൃത്യമായിനിര്‍ണയിക്കാനായില്ലെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മനസിലാക്കി വിദഗ്ധ സഹായം ഉടന്‍ നേടാന്‍ ഈ അറിവ് സഹായിക്കും.

പശുവിന്റെ നില്പും, നടപ്പും പശുവിന്റെ ആരോഗ്യത്തിന്റെ സൂചനകളാണ്. തല കുനിച്ചും, കൂട്ടം തെറ്റിയും നില്‍ക്കുന്ന പശുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നു വേണം കരുതാന്‍. പശുക്കള്‍ തീറ്റയെടുക്കുന്ന രീതി ശ്രദ്ധിക്കണം. ആരോഗ്യമുളളവ തീറ്റ ആര്‍ത്തിയോടെ തിന്നു തീര്‍ക്കും. വിശപ്പില്ലായ്മ, അയവെട്ടാതിരിക്കുക എന്നിവ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളാണ്. എന്നാല്‍ ഇതേ പ്രശ്‌നം തീറ്റയുടെ ഗുണമേന്മ കുറവുകൊണ്ടോ, രുചി വ്യത്യാസം മൂലമോ അല്ലെന്ന് ഉറപ്പു വരുത്തണം. ചര്‍മത്തിന്റെ ആരോഗ്യവും നല്ലൊരു സൂചനയാണ്. ആരോഗ്യമുളള പശുക്കളുടെ ചര്‍മം മൃദുലവും വലിച്ചാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായിരിക്കും. കഴുത്തിന്റെ ഭാഗത്തുളള ചര്‍മം പെരുവിരലിനുംചൂണ്ടുവിരലിനുമിടയില്‍ വലിച്ചു പിടിച്ച് ഇത് മനസിലാക്കാം. ഉണങ്ങിയ പരുപരുത്ത ചര്‍മവും, എഴുന്നുനില്‍ക്കുന്ന കൊഴിയുന്ന തിളക്കമില്ലാത്ത രോമവും അനാരോഗ്യ ലക്ഷണമാണ്. ഇത് വിരബാധ, ശരീരക്ഷയം എന്നിവയുടെ ലക്ഷണമാണ്. തൊലിയില്‍ രോമമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടാകുന്നത് ഫംഗസ്, പേന്‍തുടങ്ങിയ ബാഹ്യപരാദബാധയെ സൂചിപ്പിക്കുന്നു.

ആരോഗ്യമുളള പശുക്കളുടെ കണ്ണുകള്‍ തിളക്കമുളളവയായിരിക്കും. നിറം മാറിയ, കുഴിഞ്ഞു തൂങ്ങി യ കണ്ണുകള്‍ ആരോഗ്യ ലക്ഷണമല്ല. വെളളമൊലിക്കുന്ന പഴുപ്പു നിറഞ്ഞ അവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കണ്ണില്‍ മാത്രം വരുന്ന ലക്ഷണങ്ങള്‍ കണ്ണിന്റെ പ്രശ്‌നമാകുമ്പോള്‍ ഇരു കണ്ണിലുംവരുന്ന പ്രശ്‌നങ്ങള്‍ പൊതുവായ രോഗലക്ഷണമായിരിക്കും. ആരോഗ്യമുളള പശുക്കളുടെ മൂക്ക് അഥവാമുഞ്ഞി നനവുളളതായിരിക്കും. ഈര്‍പ്പരഹിതമായ മൂക്ക് പനിയെ സൂചിപ്പിക്കുന്നു. ശ്വാസ തടസം, ചുമ,അസാധാരണ ശബ്ദം എന്നിവയും ശ്രദ്ധിക്കണം.

ആരോഗ്യമുളള പശുക്കളുടെ ചാണകം അധികം അയവില്ലാതെ മുറുകിയതായിരിക്കും. കഫം, രക്തം, കുമിളകള്‍ എന്നിവ വിരബാധയുടെ ലക്ഷണമായിരിക്കും. ചാണകം പരിശോധിച്ച് ഉടന്‍ചികിത്സ നേടണം. ആരോഗ്യമുളള പശുവിന്റെ മൂത്രം തെളിഞ്ഞതും ഇളം മഞ്ഞ നിറമുളളതുമായിരിക്കും. എന്നാല്‍ ഇരുണ്ടതോ, ചുവന്നതോ, കട്ടന്‍ കാപ്പിയുടെ നിറമോ, കടും മഞ്ഞ നിറമോ ഉളള മൂത്രം രോഗലക്ഷണമാണ്.
പാലിന്റെ അളവ്, നിറം, ഗുണം എന്നിവയിലുളള വ്യത്യാസം ശ്രദ്ധിക്കണം. രക്തത്തിന്റെഅംശം, ചാരനിറം, മഞ്ഞ നിറം, ഉപ്പുരസം, കട്ടകള്‍ എന്നിവ അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാകും. ഈറ്റത്തില്‍നിന്നു വരുന്ന സ്രവം ശ്രദ്ധിക്കണം. മുട്ടയുടെ വെളളക്കുരു പോലെയുളള കൊഴുത്ത സ്രവംമദിലക്ഷണമായിരിക്കും. എന്നാല്‍ പഴുപ്പ്, രക്തം എന്നിവ കലര്‍ന്ന സ്രവം ഗര്‍ഭാശയ രോഗങ്ങളെ കാണിക്കുന്നു. ഉയര്‍ന്ന താപനില, ശ്വാസോച്ഛാസം, നെഞ്ചിടിപ്പ് എന്നിവ പല രോഗങ്ങളുടേയും പ്രഥമലക്ഷണമാണ്. തുടര്‍ന്ന് പശു തീറ്റയെടുപ്പ് കുറയ്ക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുകയും കൃത്യസമയത്ത് ചികിത്സ നല്‍കുകയും വേണം.രോഗലക്ഷണങ്ങള്‍ കാണിച്ച പശുവിനെ കൂട്ടത്തില്‍നിന്നും മാറ്റി പ്രത്യേകം പാര്‍പ്പിക്കണം.

ഇവരെ പരിചരിക്കുന്ന വ്യക്തികള്‍രോഗമില്ലാത്തവയുടെ അടുത്ത് പോകരുത്. ഇങ്ങനെ തുടക്കത്തില്‍ തന്നെ രോഗബാധ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കുന്നു.

ഫോണ്‍: 9446203839
No comments:

Post a Comment