Saturday, 8 August 2015

മഴവില്ലഴകില്‍ വര്‍ണമത്സ്യങ്ങള്‍; ഇത് ദീപേഷിന്റെ ലോകം

ഐബിന്‍ കാണ്ടാവനം


മേനിയില്‍ മഴവില്ലഴക് ചാലിച്ച മത്സ്യപ്രപഞ്ചം ആരുടെയും മനംകവരുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഫോട്ടോഗ്രഫി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വിനോദമേഖലയായി അക്വേറിയം പരിപാലനം മാറിയതും. വര്‍ണശബളമായ മത്സ്യലോകത്തേക്ക് കൗതുകംകൊണ്ട് എത്തിപ്പെട്ട വ്യക്തിയാണ് കോഴിക്കോട് കൂടരഞ്ഞിയിലുള്ള ദീപേഷ് കുരുവിത്തോട്ടത്തില്‍.
പതിമ്മൂന്നു വര്‍ഷംമുമ്പ് ഗപ്പിയിലാണ് മത്സ്യലോകത്തെ ദീപേഷിന്റെ തുടക്കം. കൗതുകത്തിനായി തുടങ്ങിയതാണെങ്കിലും ഇവയുടെ വാണിജ്യമൂല്യം കണ്ടപ്പോഴാണ് വരുമാനത്തിനായി വളര്‍ത്തിത്തുടങ്ങിയത്. വീട്ടുമുറ്റത്തെ ചെറുകുളത്തില്‍ നാടന്‍ ഗപ്പികളില്‍ തുടങ്ങിയ മത്സ്യലോകം ഇന്ന് 22 വലിയ ടാങ്കുകളിലും 30 അക്വേറിയങ്ങളിലും 35 ഫ്രിഡ്ജ് ബോക്‌സിലുമായി വികസിച്ചു. ഒപ്പം അനവധി വിദേശയിനം മത്സ്യങ്ങളും.

ഗപ്പിയിലും ഫൈറ്റര്‍ ഫിഷിലുമാണ് ദീപേഷ് പ്രധാനമായും ശ്രദ്ധയൂന്നിയിരിക്കുന്നത്. ജാപ്പനീസ് ബ്ലൂ ഗ്രാസ്, മെറ്റാലിക് ബേസ് റെഡ്‌ലേസ്, പ്ലാറ്റിനം ചില്ലി റെഡ് മൊസേക്, ഓഫ് ബ്ലാക്ക്, ജെര്‍മന്‍ റെഡ്, കോബ്ര, ജെര്‍മന്‍ വൈറ്റ് ടക്‌സിഡോ, പ്ലാറ്റിനം, ആല്‍ബിനോ ഫുള്‍ റെഡ്, മോസ്‌കോ ബ്ലൂ തുടങ്ങിയ ഗപ്പി ഇനങ്ങളാണ് ഇവിടെയുള്ളത്. ജോടിക്ക് 20 മുതല്‍ 1000 രൂപ വിലയുള്ള ഗപ്പികള്‍!
പരസ്പരം ആക്രമിക്കുന്ന ഫൈറ്റര്‍ ഫിഷിന്റെ പ്രജനനം ഇവിടെ അതീവ ശ്രദ്ധയോടെയാണ് ചെയ്തുവരുന്നത്. മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും തീവ്രസംരക്ഷണം ഒരുക്കുന്ന പ്രവണതയാണ് ഫൈറ്ററുകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ മുട്ടയിട്ടാലുടനെ പെണ്‍മത്സ്യത്തെ പ്രജനനടാങ്കില്‍നിന്നു മാറ്റും. ആണ്‍മത്സ്യം പെണ്‍മത്സ്യത്തെ വകവരുത്തുന്നതാണ് കാരണം. രണ്ടുമാസം ആര്‍ട്ടീമിയ നല്കി വളര്‍ത്തുന്ന കുഞ്ഞുങ്ങളില്‍ ആണ്‍കുഞ്ഞുങ്ങളെ മൂന്നാം മാസം മുതല്‍ പ്രത്യേകം പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കും. ക്രൗണ്‍ ടെയില്‍, ഹാഫ് മൂണ്‍, വെയില്‍ ടെയില്‍, കിംഗ് ക്രൗണ്‍ ഡബില്‍ ടെയില്‍, പ്ലക്കറ്റ് തുടങ്ങിയ ഫൈറ്റര്‍ ഇനങ്ങളാണിവിടെയുള്ളത്.കൂടാതെ മാലാഖമത്സ്യം, ഗൗരാമി, സിക്ലിഡ്, ഗ്രീന്‍ ടെറര്‍ എന്നിവയുടെ പ്രജനനവും വിപണനവുമുണ്ട്.

തികച്ചും സ്വാഭാവിക രീതിയില്‍ വളര്‍ത്തുന്നു എന്നതാണ് ദീപേഷിന്റെ കെഎന്‍ഡി അക്വാ ഫാമിന്റെ പ്രത്യേകത. തനിയെ നീന്താന്‍ തുടങ്ങുന്ന സമയം മുതല്‍ രണ്ടു മാസം വരെ ആര്‍ട്ടീമിയയാണ് ഭക്ഷണമായി കുഞ്ഞുങ്ങള്‍ക്ക് നല്കുന്നത്. ശേഷം ഇറക്കുമതി ചെയ്ത പ്രത്യേക തീറ്റ നല്കും. വലിയ മീനുകള്‍ക്ക് മാടുകളുടെ ഹൃദയം മിക്‌സിയില്‍ അരച്ച് നല്കാറുണ്ട്.
കൃത്യമായ ഇടവേളകളില്‍ ടാങ്കുകളിലെ വെള്ളം മാറ്റുന്നത് രോഗങ്ങളെ തടയും. അക്വേറിയങ്ങളില്‍ 20 ശതമാനം വെള്ളം എല്ലാ ദിവസവും മാറും. ടാങ്കുകളില്‍ മൂന്നു ദിവസം കൂടുമ്പോഴാണ് 20 ശതമാനം വെള്ളം മാറുന്നത്. ഗുണനിലവാരം കൂടിയ തീറ്റയും നല്ല വെള്ളവും എപ്പോഴും മീനുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മീനുകളുടെ അഴകും ശരീരഘടനയുമെല്ലാം പ്രധാനമായും അവയ്ക്കു ലഭ്യമാകുന്ന തീറ്റയിലും ചുറ്റുപാടിലുമായിരിക്കും.

അലങ്കാരമത്സ്യ പ്രജനനത്തിലും പരിപാലനത്തിലും ശ്രദ്ധയൂന്നിയിട്ട് 13 വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ ക്ലാസുകള്‍ക്കൊന്നും ദീപേഷ് പോയിട്ടില്ല. പകരം മീനുകളെക്കുറിച്ച് പഠിക്കാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിച്ചു. പുതിയ ഇനം മീനുകളെ എത്തിക്കുന്നതിനു മുമ്പ് അവയെക്കുറിച്ച് നന്നായി പഠിക്കും.

അലങ്കാരമത്സ്യങ്ങളോടുള്ള അതിരറ്റ സ്‌നേഹമാണ് തന്റെ ഇഷ്ട മേഖലയില്‍ വിജയം നേടിത്തന്നതെന്നു ദീപേഷ് പറയുന്നു. എംഎ ബിഎഡ് ബിരുദധാരിയായ ദീപേഷ് സ്‌കൂളുകളില്‍ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ മീനുകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് മാതാവ് സരസമ്മയാണ്. പിതാവ് നാരായണനും മാതാവ് സരസമ്മയും സഹോദരി ദീപയും അടങ്ങുന്നതാണ് ദീപേഷിന്റെ കുടുംബം.
ഫോണ്‍: 9645448385

No comments:

Post a Comment