Friday, 27 November 2015

വളര്‍ത്താം, ഒന്നിന്റെ ചെലവില്‍ മൂന്നു വാഴ

 ടോം ജോര്‍ജ്

ഒന്നിന്റെ ചെലവില്‍ മൂന്ന്്  ഏത്തവാഴ വളര്‍ത്തിയാലെന്താ? ഒരുകുഴപ്പവുമില്ലെന്നു മാത്രമല്ല സംഗതി വിജയമാണെന്നു തെളിയിക്കുകയാണ് കുറവിലങ്ങാട്, ഇലഞ്ഞി മു ട്ടപ്പിള്ളില്‍ ജെയിംസ് മാത്യു. ഒരു ചുവട്ടില്‍ മുന്നുവാഴ വീതം വച്ചു. ഇതുമൂലം ഒന്നിനു നല്‍കുന്ന വളം കൊണ്ട് മൂന്നെണ്ണവും വളര്‍ന്നു. ചെലവു കുറവ്, സ്ഥലവും പണിക്കൂലിയും ലാഭം. കീടനാശിനി കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്ന നേട്ടം വേറെയും.
ത്രികോണാകൃതിയില്‍ ഒന്നൊന്നര അടി ഇടയകലം നല്‍കി വാഴനട്ടു. കന്നു നടാന്‍ ഒന്നര അടി താഴ്ചയില്‍ കുഴിയെടുത്തു. കുഴിയില്‍ സ്‌റ്റെറാമീല്‍ അടിവളമായി നല്‍കി. മേട്ടുപ്പാളയം നേന്ത്രനാണ് നട്ടത്. കൂത്താട്ടുകുളത്തെ വിത്തു വില്‍പന കേന്ദ്രത്തില്‍ നിന്നാണ് വാഴക്കന്നു വാങ്ങിയത്. വീടിന്റെ ഒരുഭാഗത്ത് റോബസ്റ്റയും ഒരുചുവട്ടില്‍ മൂന്നെണ്ണം വീതം നട്ടിട്ടുണ്ട്. ഇത് ജെയിംസിന്റെ ആദ്യ പരീക്ഷണമാണ്. എന്നാല്‍ റോബസ്റ്റയും ഏത്തനും ജെയിംസിനെ നിരാശപ്പെടുത്തിയില്ല. ഒരുകുലയ്ക്ക് 1215 കിലോ വരെ തൂക്കം ലഭിച്ചു. ഒരു ചുവട്ടില്‍ ഒന്നുവച്ചു നട്ടാലും ഇത്രയൊക്കെ തൂക്കമേ ലഭിക്കൂ. മൂന്നിരട്ടി ലാഭം, പ്രത്യേകിച്ച് വലിയ ചെലവില്ലാതെ ലഭിച്ചു.

ജെയിംസ് മാത്യു തന്റെ റോബസ്റ്റ തോട്ടത്തില്‍.
ആറുമാസം കൊണ്ടു വാഴകള്‍ കുലച്ചു. 15 ദിവസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തി.8816 എന്ന വളുവും ചാണകപ്പൊടിയും ചുവട്ടില്‍ നല്‍കി.  319 എന്നത് ഫോളിയാര്‍ സ്‌പ്രേ ആയി ഇലകളിലും നല്‍കി.
നാലു മാസമായപ്പോള്‍ ഇലയില്‍ മഞ്ഞപ്പു കണ്ടതിനേത്തുടര്‍ന്നാണ് ഇതു നല്‍കിയത്. മരുന്നിന്റെ കൂടെ വളവും ചേര്‍ത്ത് രണ്ടു തവണ നല്‍കി. ഒരു ചുവടിന് 250300 ഗ്രാം വളമാണ് ഒരു പ്രാവശ്യം നല്‍കിയത്. ഒരു ചുവട്ടില്‍ ഒരു വാഴയേ ഉള്ളൂ എങ്കിലും ഇത്രതന്നെ വളം നല്‍കണം. ആഴ്ചയില്‍ ഒന്നെന്ന തോതില്‍ വളം നല്‍കിയാല്‍ വളര്‍ച്ച കൂടുമെന്നും ജെയിംസ് പറയുന്നു. ഓണ സമയത്ത് വെട്ടിയ കുലകള്‍ കിലോയ്ക്ക് 38 രൂപയ്ക്കു വിറ്റു. ഇപ്പോള്‍ 35 രൂപയ്ക്കാണു വില്‍പ്പന. ഒരിഞ്ചിന്റെ മോട്ടര്‍ ഉപയോഗിച്ചാണ് ജലസേചനം. കൃഷിയില്‍ വ്യാപൃതനായ ജെയിംസിന്റെ മനസില്‍ തോന്നിയ ഒരു ആശയമാണ് ഒരു ചുവട്ടില്‍ മൂന്നു ഏത്തവാഴ വച്ചുള്ള പരീക്ഷണം. അതു വിജയിക്കുകയും ചെയ്തു.
വാഴമാത്രമല്ല, വീട്ടിലേക്കാവശ്യമുള്ളതെല്ലാം ജെയിംസിന്റെ അഞ്ചേക്കര്‍ പുരയിടത്തില്‍ വിളയുന്നു. വാഴക്കിടയില്‍ ചേന നട്ടിരിക്കുന്നു. ഏലം നന്നായി കായ്ച്ചു കിടക്കുന്നു. ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഇതിനിടയ്ക്കുണ്ട്. കാപ്പികൃഷിക്കിടയില്‍ കുമ്പളങ്ങ പടര്‍ന്ന് ഉണ്ടായിക്കിടക്കുന്നു. ഞാലിപ്പൂവന്‍ വാഴ, റംബൂട്ടാന്‍, കുരുമുളക്, ഫാഷന്‍ഫ്രൂട്ട്, ജാതി, മാവ്, പ്ലാവ്, സപ്പോര്‍ട്ട, മാംഗോസ്റ്റിന്‍ തുടങ്ങി എല്ലാം നിറയെ ഫലങ്ങള്‍ നല്‍കി നില്‍ക്കുന്നു. മൂന്നര ഏക്കറില്‍ റബര്‍കൃഷിയുമുണ്ട്.
റബറിന് വിലയിടിഞ്ഞ സമയത്താണ് മറ്റു കൃഷികളില്‍ ഇദ്ദേഹം സജീവമായത്. കാപ്പിത്തോട്ടത്തിനിടയ്ക്ക് തേനീച്ചയെ വളര്‍ത്തുന്നുമുണ്ട്. ഭാര്യ ജാന്‍സിയും മക്കളായ ജെസ്ബിനും, ജെസ്റ്റിനും ജെയിംസിന് എല്ലാവിധ പിന്തുണയും നല്‍കി ഒപ്പമുണ്ട്.
ഫോണ്‍ ജെയിംസ്:     9447666434.

1 comment:

  1. Gook work James, please etach me the trick.

    ShamsuHaaji - Malappuram

    ReplyDelete