Friday, 27 November 2015

കന്നുകാലി വളര്‍ത്തലിലെ ബാലപാഠങ്ങള്‍

കന്നുകാലികളില്‍ രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. രോഗപ്രതിരോധം, ചികിത്സ, രോഗ സംക്രമണം തടയല്‍ എന്നീ അടിസ്ഥാന തത്വങ്ങളില്‍ പിഴവുകളുണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. എല്ലാ കന്നുകാലി ഫാമുകളിലും പിന്തുടരേണ്ട ജൈവസുരക്ഷാ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ താഴെപറയുന്നവയാണ്.    

മാറ്റി നിര്‍ത്തണം രോഗികളെ

രോഗം ബാധിച്ച കന്നുകാലികളെയും രോഗബാധ സംശയിക്കുന്നവയെയും കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി പ്രത്യേക ഷെഡ്ഡുകള്‍ വലിയ ഫാമുകളില്‍ ഉണ്ടാകണം. നിലവിലുള്ള ഷെഡ്ഡിന്റെ ഒരു ഭാഗവും ആവശ്യത്തിന് ഉപയോഗിക്കാം. പ്രധാന ഷെഡ്ഡില്‍ നിന്നും പരമാവധി അകലത്തിലും താഴ്ന്ന നിലയിലുമായിരിക്കണം രോഗികളുടെ പാര്‍പ്പിടം. രോഗബാധയുള്ളവയെ ശുശ്രൂഷിച്ചവര്‍ അസുഖമില്ലാത്തവയെ കൈകാര്യം ചെയ്യരുത്. രോഗമുള്ളവയെ അവസാനം ശുശ്രൂഷിക്കുന്ന രീതിയില്‍ ജോലി ക്രമീകരിക്കണം.    

ക്വാറന്റൈന്‍

ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കന്നുകാലികളെ നിശ്ചിതകാലയളവില്‍  പ്രത്യേകം പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക. കൊണ്ടുവരുമ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും ഇതു ചെയ്യണം. കാരണം ഇവരുടെ ശരീരത്തില്‍ രോഗബാധയുണ്ടാകാം. സാധാരണ 30 ദിവസമാണ് ഇത്തരം അയിത്തത്തിന്റെ കാലയളവ്. അണുബാധയുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചിരിക്കാം. ഈ സമയത്ത് 23-24 ദിവസമാകുമ്പോള്‍ വിരമരുന്നും 25-26 ദിവസങ്ങളില്‍ ബാഹ്യപരാദ ബാധയകറ്റാനുള്ള മരുന്നും നല്‍കണം.
പ്രതിരോധ കുത്തിവയ്പ്

കുളമ്പുരോഗം, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ കൃത്യമായി പ്രതിരോധ കുത്തിവയ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ പ്രതിരോധ കുത്തിവയ്പു നല്‍കുന്നത് ശ്രദ്ധയോടെ വേണം. കുത്തിവയ്പിനു ശേഷം പ്രതിരോധ ശേഷി നേടാനെടുക്കുന്ന 14-21 ദിവസം രോഗസാധ്യത കൂടിയ സമയമാണ്.    
രോഗവാഹകരെ കണ്ടെത്തുക
രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ രോഗാണുക്കളെ പേറുകയും മറ്റുള്ള മൃഗങ്ങളിലേക്ക് രോഗം പകര്‍ത്തുകയും ചെയ്യുന്ന രോഗവാഹകര്‍ പല രോഗങ്ങളുടേയും പ്രത്യേകതയാണ്.  ഇവയെ കണ്ടെത്താന്‍ പ്രത്യേക പരിശോധന വലിയ ഫാമുകളില്‍ നടത്താറുണ്ട്. ക്ഷയം, ജോണ്ടിസ് രോഗം, ബ്രൂസല്ലോസിസ്, സബ്ക്ലിനിക്കല്‍ അകിടുവീക്കം എന്നിവ ഉദാഹരണങ്ങളാണ്. രോഗബാധ മാറുന്ന സമയവും രോഗവാഹക ഘട്ടത്തിന് ഉദാഹരണമാണ്.

 ചത്ത കന്നുകാലികളുടെ
ശരീരം നീക്കം ചെയ്യല്‍

സാംക്രമീക രോഗങ്ങള്‍ വന്നുചാവുന്ന കന്നുകാലികളുടെ ശരീരം  എവിടെയെങ്കിലും കൊണ്ടുപോയി ഇട്ട് തടിതപ്പാമെന്നു കരുതേണ്ട. ഇതു രോഗബാധ വ്യാപിപ്പിക്കും.  ആന്ത്രാക്‌സ് പോലുള്ള രോഗങ്ങളിലാണ് ഇത് ഏറ്റവും പ്രധാനമായിരിക്കുന്നത്. ആന്ത്രാക്‌സ് ബാധ സംശയിക്കുന്ന ചത്ത കന്നുകാലികളുടെ ശരീരം കീറാന്‍ ശ്രമിക്കരുത്. മൃതശരീരങ്ങള്‍ കൃത്യമായ മുന്‍കരുതലോടെ ആവശ്യമായ ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യുകയാണ് ചെയ്യേണ്ടത്.   

രോഗവഴികള്‍ തടയുക

അണുനശീകരണം, രോഗികളുടെ ചികിത്സ എന്നിവവഴി രോഗാണുക്കളെ നേരിട്ടു നശിപ്പിക്കാം. രോഗം പരത്തുന്ന കൊതുക്, പട്ടുണ്ണി, ഈച്ച എന്നിവയുടെ നിയന്ത്രണം വഴിയും രോഗാണു ബാധ തടയാം. ബ്ലീച്ചിംഗ് പൗഡര്‍, കാസ്റ്റിക്ക് സോഡ, ക്രെസോള്‍, ഫിനോള്‍, കുമ്മായം, സോപ്പ്, സോഡിയം, ഹൈപ്പോക്ലോറൈറ്റ്, അപ്പക്കാരം മുതലായവ അണുനാശിനികളായി ഉപയോഗിക്കാം.    

തൊഴുത്തില്‍ ശുചിത്വം

സൂര്യപ്രകാശം, ചൂട്, അണുനാശിനികള്‍ എന്നിവ തൊഴുത്തിലെ അണുനാശനത്തിന് സഹായിക്കുന്നു. ദിവസത്തില്‍ കുറച്ചു സമയമെങ്കിലും സൂര്യപ്രകാശം തൊഴുത്തില്‍ വീഴുന്നത് വളരെ നല്ലതാണ്.  അണുനാശിനികളായി വര്‍ത്തിക്കുന്ന രാസവസ്തുക്കള്‍, ഗാഢത, രോഗാണുവിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുത്തണം. ചാണകം, തീറ്റയുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ അണുനാശിനികള്‍ പലതും ശക്തിഹീനമാകുന്നതിനാല്‍ ഇവ നീക്കിയതിനു ശേഷമാകണം അണുനാശിനി പ്രയോഗം.
ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളജ്
മണ്ണൂത്തി, തൃശൂര്‍
ഫോണ്‍- 9446203839

No comments:

Post a Comment